Follow us on  

ഐടി വകുപ്പ് മന്ത്രിയുടെ സന്ദേശം

വിവരസാങ്കേതികവിദ്യയുടേയും അടിസ്ഥാനസൗകര്യങ്ങളുടേയും വികസനമാണ് ഐടി അധിഷ്ഠിത സാമ്പത്തികമേഖല ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ അടിസ്ഥാന വികസനത്തിലെ ശ്രദ്ധേയ നേട്ടങ്ങള്‍ക്കു പിന്നില്‍ സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിപുലമായ വളര്‍ച്ചയിലേക്കുള്ള വാതായനമാണിത്. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനായി വിവിധ തലങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം ആസൂത്രണം ചെയ്യുന്നുണ്ട്. ഐടി/ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളാണ് കേരളം വിഭാവനം ചെയ്യുന്നത്.

സോഫ്റ്റ്വെയര്‍ മേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം നേടിവര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കുന്നതിനു പുറമേ മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ നല്‍കുന്നുണ്ട്. നേരിട്ട് ലഭ്യമാക്കുന്നതിനേക്കാള്‍ മൂന്നുമടങ്ങ് ഇരട്ടിയാണിത്. എല്ലാ മേഖലയില്‍ നിന്നും കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ് സംസ്കാരത്തിന് പ്രോത്സാഹനം ലഭിക്കുന്നുവെന്നത് സന്തോഷകരമാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വികസിപ്പിക്കുന്നതിനുള്ള നൈപുണ്യ പരിപാടികളും നടന്നുവരുന്നുണ്ട്. വിവിധ ഇടങ്ങളില്‍ വിവിധ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും വ്യാപിപ്പിക്കുന്ന പദ്ധതികള്‍ യുവ സംരംഭകരിലേക്കും എത്തിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യമേഖലയില്‍ സംസ്ഥാനത്തിന്‍റെ നേട്ടങ്ങളെ അംഗീകരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സംസ്ഥാനത്തെ അതിര്‍വരമ്പുകള്‍ കീഴടക്കിക്കൊണ്ട് മറ്റു ഐടി പാര്‍ക്കുകള്‍ക്കൊപ്പം സൈബര്‍പാര്‍ക്കും പുതിയ ഐടി ലോകത്തേക്ക് നയിക്കും. സൈബര്‍പാര്‍ക്കില്‍ വളരെ ചിട്ടയോടെ പൂര്‍ത്തിയാക്കിയ ആദ്യ ഐടി ബില്‍ഡിംഗ് സംസ്ഥാനത്തെ ഐടി വികസനത്തിന് ആക്കം കൂട്ടുമെന്നതിന്‍റെ സാക്ഷ്യമാണ്.

സുപ്രധാന ഐടി പാര്‍ക്കുകളായ ടെക്നോപാര്‍ക്കും സൈബര്‍പാര്‍ക്കും ഇന്‍ഫോപാര്‍ക്കും സംസ്ഥാനത്തുടനീളമുള്ള ഐടി അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ക്ക് കരുത്തേകും. ഈ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഭാവിയില്‍ ആഗോള ഐടി പങ്കാളികളെ ആകര്‍ഷിക്കുന്നതിനും സംസ്ഥാനത്തെ സാങ്കേതിക വികാസത്തിനും സാക്ഷ്യംവഹിക്കും.

സൈബര്‍പാര്‍ക്ക് ടീമിന് എല്ലാ ആശംസകളും നേരുന്നു.